
പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഐഐഎമ്മിലെത്തിയ യുവതിയെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പീഡനത്തിനിരയായ കേസിൽ വഴിത്തിരിവ്. പീഡനത്തിനിരയായിട്ടില്ലെന്നും മകള്‍ സുഖമായിരിക്കുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. പീഡനക്കേസിൽ കൊൽക്കത്ത ഐഐഎമ്മിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് പീഡന പരാതി തള്ളികൊണ്ട് ഇരയായ യുവതിയുടെ പിതാവ് തന്നെ നാടകീയമായി രംഗത്തെത്തിയത്.
പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന ആരോപണം രൂക്ഷമാവുന്നതിനിടയിലാണ് കൊല്‍ക്കത്ത ഐഐഎമ്മിലെത്തിയ യുവതി പീഡനിത്തിനിരയായെന്ന പരാതി ഉയര്‍ന്നത്. കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗ് നൽകാനെത്തിയ വിദ്യാർത്ഥിനിയേയാണ് പരമാനന്ദ് പീഡിപ്പിച്ചതെന്നാണ് പൊലീസ് കേസ്. വെള്ളിയാഴ്ച വൈകിട്ടാണ് സൈക്കോളജിക്കൽ കൗണ്‍സിലറായ യുവതി പൊലീസിൽ പരാതി നൽകിയത്.
സൈക്കോളജിക്കൽ കൗണ്‍സിലിങ് നൽകാൻ ആവശ്യപ്പെട്ടാണ് യുവതിയെ ഐഐഎമ്മിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് കൗണ്‍സിലിങ് സെഷൻ നടത്തുന്നതിനായി യുവാവ് യുവതിയെ ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിസിറ്റേഴ്സ് ബുക്കിൽ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചുവെന്നും എന്നാൽ അവഗണിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.