ഷാർജ: അൽ നഹ്ദയിൽ മലയാളി യുവതി വിപഞ്ചികയും മകൾ ഒന്നര വയസുകാരി വൈഭവിയും മരിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു. ഇന്ത്യൻ കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന കുഞ്ഞിന്‍റെ സംസ്കാര ചടങ്ങി മാറ്റിയത്.
കുഞ്ഞിന്‍റെ മൃതദേഹം ചൊവ്വാഴ്ച തന്നെ ഷാർജയിൽ സംസ്കരിക്കാനായിരുന്നു നിധീഷിന്‍റെയും കുടുംബത്തിന്‍റെയും നീക്കം. എന്നാല്‍, ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെടുകയായിരുന്നു.
കുഞ്ഞിന്‍റെ മൃതദേഹവുമായി നിധീഷിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് വിളിയെത്തിയത്. കുഞ്ഞിന്‍റെ അച്ഛനായ നിധീഷിനെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹം ഒന്നിച്ച് നാട്ടിൽ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.