അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് അപകടം.. എട്ടു പേര്‍ മരിച്ചു... കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ...





കറാച്ചി : പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തകര്‍ന്ന കെട്ടിടത്തിനുള്ളിൽ നിരവധി പേര്‍ അകപ്പെട്ടിരിക്കുന്നതായാണ് സംശയം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെയാണ് കറാച്ചിയിലെ ലൈരിയിലെ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണത്.

100ഓളം പേരാണ് കെട്ടിത്തിൽ താമസിച്ചിരുന്നത്. 20ഓളം കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് കെട്ടിടത്തിലെ താമസക്കാരനായ ശങ്കര്‍ കാംഹോ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. കെട്ടിടത്തിന് വിള്ളൽ വീണിട്ടുണ്ടെന്ന് പറഞ്ഞ് ഭാര്യ ഫോണ്‍ വിളിച്ചുവെന്നും അപ്പോള്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ശങ്കര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു

തുടര്‍ന്ന് ഭാര്യ അയൽക്കാര്‍ക്കും മുന്നറിയിപ്പ് നൽകിയശേഷം മകളെയും കൂട്ടി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 20 മിനുട്ടിനുശേഷം കെട്ടിടം തകര്‍ന്നുവെന്നും ശങ്കര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചെന്നും ഒമ്പതുപേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ അറിയിച്ചു. രാത്രിയിലും കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവര്‍ക്കായി തെരച്ചിൽ തുടര്‍ന്നു. പത്തിലധികം പേര്‍ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായ ഈദി വെൽഫെയര്‍ ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ പറഞ്ഞു.
أحدث أقدم