കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; രണ്ട് അധ്യാപകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ




ബെംഗളൂരു: മൂഡബിദ്രിയിലെ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് അധ്യാപകർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിദ്യാർഥിനി വനിതാ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാരത്തഹള്ളി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഫിസിക്‌സ് അധ്യാപകനായ നരേന്ദ്രൻ, ബയോളജി അധ്യാപകനായ സന്ദീപ്, അധ്യാപകരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു.

നരേന്ദ്രൻ പഠനവുമായി ബന്ധപ്പെട്ട കുറിപ്പുകളും സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാർഥിനിയെ ബന്ധപ്പെട്ടത്. ചാറ്റിങ്ങിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. ഒടുവിൽ ബെംഗളൂരുവിലെ മാരത്തഹള്ളിയിലുള്ള സുഹൃത്ത് അനൂപിന്‍റെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയുകയായിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ബയോളജി അധ്യാപകനായ സന്ദീപ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി എതിർക്കുകയായിരുന്നു. തുടർന്ന് നരേന്ദ്രനോടൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും തന്‍റെ കൈവശമുണ്ടെന്ന് പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തുകയും വിദ്യാർഥിനിയെ സന്ദീപും ബലാത്സംഗം ചെയുകയായിരുന്നു.

പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന മുറി അനൂപിന്‍റെതായിരുന്നു. പിന്നീട്, അനൂപ് വിദ്യാർഥിനിയെ ബന്ധപ്പെടുകയും സിസിടിവി ദൃശ്യങ്ങൾ തന്‍റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ഇയാളും വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. വിദ്യാർഥിനി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്. മാരത്തഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Previous Post Next Post