
അമ്പലപ്പുഴ: പുന്നപ്ര വടക്കു പഞ്ചായത്തിലെ പഞ്ചായത്ത് കമ്മറ്റിയിൽ സംഘർഷം. 2 കോൺഗ്രസ് മെമ്പർമാർക്ക് മർദ്ദനം ഏറ്റു.ഇവർ ആശുപത്രിയിൽ ചികിത്സ തേടി.തിങ്കളാഴ്ച രാവിലെ 11 ഓടെ ആയിരുന്നു സംഭവം. പഞ്ചായത്ത് കമ്മറ്റിയുടെ അജണ്ടയിൽ ഓബുഡ്സ്മാൻ കണ്ടെത്തിയ തൊഴിലുറപ്പിലെ അഴിമതി കൂടി ചേർക്കണമെന്ന് പതിനേഴാം വാർഡ് കോൺഗ്രസ് മെമ്പറായ സാജൻ എബ്രഹാം രേഖാമൂലം കത്ത് നൽകിയിരുന്നു.എന്നാൽ കമ്മറ്റിയിലെ അജണ്ടയിൽ ഇത് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ സാജൻ എബ്രഹാമും, പതിനാറാം വാർഡ് കോൺഗ്രസ് മെമ്പറായ വിശാഖ് വിജയനും എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ഇതിൽ പ്രകോപിതരായ ഭരണപക്ഷത്തിലെ സി.പി.എം അംഗങ്ങൾ ക്രൂരമായി മർദ്ദിച്ചെന്നാണ് ഇരുവരും പറയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി.സാജൻ എബ്രഹാമിന് തലക്കും, തോളെല്ലിനും, നാഭിക്കും പരിക്കുണ്ട്.പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.