പാറമട അപകടം… ദൗത്യസംഘം താത്കാലികമായി പിന്മാറി…കാരണം..




പത്തനംതിട്ട കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും.

രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘത്തിലെ നാല് പേർ പരിശോധന നടത്തി. മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലാണ്. വലിയ ക്രെയിൻ എത്തിച്ചാല്‍ മാത്രമേ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നാണ് വിലയിരുത്തൽ. വീണ്ടും പാറയിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.

ഹിറ്റാച്ചിയുടെ ക്യാബിൻ മുഴുവനായും പാറ മൂടി കിടക്കുകയാണ്, മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ക്യാബിന് മുകളിലുള്ള പാറക്കഷ്ണങ്ങൾ മാറ്റാനാണ് ദൗത്യ സംഘം ഇറങ്ങിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അത് പൂർത്തിയാക്കി അവർ തിരികെ കയറി. ഇനി വലിയ ക്രെയിൻ എത്തിച്ച ശേഷം ദൗത്യം തുടരുമെന്ന് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. അപകടത്തിൽ പാറക്കടിയിൽപ്പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള ബീഹാർ സ്വദേശിക്കായിട്ടാണ് തെരച്ചിൽ നടത്തുന്നത്. പാറ പൊട്ടിക്കലിന് മുന്നോടിയായി തട്ട് ഒരുക്കുന്നതിനിടെയാണ് ഹിറ്റാച്ചിക്ക് മുകളിലേക്ക് മലയിടിഞ്ഞ് വീണത്. അടിയിൽപ്പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഫയർഫോഴ്സ് സംഘത്തിന് പുറമേ 27 അംഗ എൻഡിആർഎഫ് സംഘവും ദൗത്യത്തിന്റെ ഭാഗമാകും.
أحدث أقدم