
ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ വിതരണാവകാശം വ്യാജ രേഖ ചമച്ച് ഉപയോഗിച്ച് സ്വന്തമാക്കിയെന്ന നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ് പി.എ. ഷംനാസ്. നിവിൻ പോളിക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തതുകൊണ്ടാണ് തനിക്കെതിരേ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നും പി.എ. ഷംനാസ് പറഞ്ഞു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്.
നിവിന്‍ പോളിക്കും ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സംവിധാകനായ ഏബ്രിഡ് ഷൈനെതിരെയും കേസെടുക്കാന്‍ കാരണമായി കാണിച്ച രേഖ തന്റെ വ്യാജ ഒപ്പിട്ട് നിര്‍മിച്ചതാണെന്നാണ് നിവിന്‍ പോളിയുടെ വാദം. വിതരണാവകാശവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്നാണ് നിവിന്റെ പരാതി. സിനിമ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് വ്യാജമായി നിര്‍മിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കേരള ഫിലിം ചേംബറിൽ വ്യാജ കത്ത് നൽകിയെന്നാണ് നിവിൻ പോളി ആരോപിക്കുന്നത്.
എന്നാൽ താൻ അങ്ങനെയൊന്ന് കൊടുത്തിട്ടില്ല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ അവകാശം ഷിബു തെക്കുംപുറം എന്ന് പറയുന്ന വ്യക്തിക്കായിരുന്നു. അദ്ദേഹം ഇത് എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിനാണ് കൊടുത്തത്. അവരിൽ നിന്നുമാണ് ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന തന്റെ കമ്പനിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. അതിന്റെ പേപ്പറുകളെല്ലാം കേരള ഫിലിം ചേംബറിൽ കൊടുത്തിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് ചേംബറിൽ സിനിമ തന്റെ പേരിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് രജിസ്റ്റർ ചെയ്യുന്നതിനായി നിവിൻ പോളിയുടെയോ പോളി ജൂനിയറിന്റെയോ യാതൊരു ലെറ്ററുകളുടേയും ആവശ്യമില്ലമെന്നും പി വി ഷംനാസ് വ്യക്തമാക്കി.
നിവിൻ പോളി ഈ സിനിമക്ക് അഭിനയിക്കാൻ തയാറാണെന്ന് വ്യക്തമാക്കുന്ന ഒരു ലെറ്റർ മാത്രമാണ് നൽകേണ്ടത്. അത് സാധാരണ എല്ലാ പ്രധാനപ്പെട്ട താരങ്ങളും നൽകുന്നതാണ്. ഇത് പ്രകാരം നിവിൻ പോളി ഏപ്രിൽ 14മുതൽ ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ഭാഗമായിട്ടുള്ള ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷംനാസ് പറഞ്ഞു.
അതെ സമയം, നിവിനും എബ്രിഡ് ഷൈനും വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന ഷംനസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസ് നിവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന നടന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് കൂടിയാണ് ഷംനാസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷൻ ഹീറോ ബിജു 2-ന്റെ അവകാശം നൽകി ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
പിന്നീട് ഇത് മറച്ചുവെച്ച് മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നും എഫ്ഐആറിൽ പറയുന്നു. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. നിവിൻ പോളിയുടെ ‘പോളി ജൂനിയർ ‘ എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും പരാതിക്കാരൻ പറയുന്നു. തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. അതേസമയം തനിക്ക് കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.