യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരൻ.ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്.