ശരീരത്തില്‍ കത്തികൊണ്ട് വരയും, ശ്വാസം മുട്ടിക്കും, പിടയുമ്പോള്‍ വിടും.. ഭാര്യയെ കൊല്ലാൻശ്രമിച്ച യുവാവ് പിടിയിൽ…


        
ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെട്രോളുമായി എത്തിയ നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ട് രക്ഷപ്പെടുകയായിരുന്നു.

ലഹരിക്ക് അടിമയായ നൗഷാദ് നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ഭാര്യ ജാസ്മിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഈ വിവാഹത്തില്‍ നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ജാസ്മിന്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോയെ ചൊല്ലിയാണ് നൗഷാദ് പ്രശ്നമുണ്ടാക്കി തുടങ്ങുന്നത്. അതിന്റെ പേരില്‍ പലപ്പോഴും കൊല്ലാന്‍ ശ്രമിച്ചെന്നും ജാസ്മിന്‍ പറയുന്നു. ഉറങ്ങാന്‍ സമ്മതിക്കാതെ മര്‍ദ്ദിക്കുകയും കത്തിയെടുത്ത് ശരീരത്തില്‍ വരയ്ക്കുകയും ചെയ്യും. ശ്വാസം മുട്ടിച്ച് പിടയുമ്പോള്‍ വിടുമെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകീട്ട് തിരികെ വന്നപ്പോള്‍ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ഭയം കാരണം വാതില്‍ തുറന്നില്ല. ഒരുപാട് സമയം തുറക്കാതിരുന്നപ്പോള്‍ മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്രവാഹനമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, നരഹത്യാശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് നൗഷാദിനെ ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


أحدث أقدم