തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയിലെയും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തമാസം 15 നകം കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനാണ് വൈദ്യുതി മന്ത്രിയുടെ നിര്‍ദ്ദേശം. സുരക്ഷാ പരിശോധനകള്‍ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ത്തിയാക്കണം.
വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കും. ജാഗ്രതാ സമിതികളും വൈദ്യുതി സുരക്ഷ സംബന്ധിച്ച കമ്മിറ്റികളും കൃത്യമായ ഇടവേളകളില്‍ കൂടുന്നതിനും അതില്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളും, തുടര്‍നടപടികളും അപ്ലോഡ് ചെയ്യുന്നതിനും സോഫ്റ്റ്വെയര്‍ തയ്യാറാക്കും. വൈദ്യുതി സുരക്ഷ സംബന്ധിച്ച് വീഴ്ച്ചയില്ലാതെ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പുതിയ വൈദ്യുതി ലൈന്‍ നിര്‍മ്മാണം കവചിത കണ്ടക്ടറുകള്‍ ഉപയോഗിച്ച് മാത്രം ചെയ്യും.
സ്‌കൂള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരങ്ങളിലെ ലൈനുകളുടെ സുരക്ഷ പരിശോധന ഈ മാസം തന്നെ പൂര്‍ത്തിയാക്കും. വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകള്‍ അടിയന്തരമായി നീക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന ഓരോ വൈദ്യുതി അപകങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വൈദ്യുതി അപകടം ഉണ്ടായാല്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററുടെ നിര്‍ദ്ദേശപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.