എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പള്ളിയോട സേവാസംഘം കത്ത് നൽകി. ദേവസ്വംബോർഡിന്റെ ഇടപെടൽ ആചാരലംഘനമാണെന്നും കത്തിൽ പള്ളിയോടസേവാ സംഘം ചൂണ്ടിക്കാട്ടുന്നു.
കാലങ്ങളായി ആറന്മുള വള്ളസദ്യ നടത്തിക്കൊണ്ടിരിക്കുന്നത് പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോടസേവാ സംഘമാണ്. പള്ളിയോട സേവാസംഘത്തിനാണ് വഴിപാട് വള്ളസദ്യ നടത്താൻ വേണ്ടി ബന്ധപ്പെടേണ്ടത്. എന്നാൽ, ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയിൽ താൽപ്പര്യമുള്ളവർക്ക് 250 രൂപ അടച്ച് ബുക്ക് ചെയ്യാം എന്നുള്ളതാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് പള്ളിയോടസേവാ സംഘം രംഗത്ത് വന്നിട്ടുള്ളത്.
ഇത് ആചാര അനുഷ്ഠാനങ്ങളുടെ ലംഘനമാണെന്നും, പള്ളിയോട സേവാസംഘം നടത്തുന്നതുപോലെയല്ല ദേവസ്വം ബോർഡ് നടത്താൻ പോകുന്ന വള്ളസദ്യയെന്നും പള്ളിയോടസേവാ സംഘം വാദിക്കുന്നു. ഏതെങ്കിലും പള്ളിയോടങ്ങൾ പങ്കെടുക്കാത്തതിനാൽ, 250 രൂപ വാങ്ങിക്കൊണ്ടുള്ള ഒരു വാണിജ്യ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നു. ദേവസ്വം ബോർഡ് തങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും പള്ളിയോട സേവാസംഘം ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.