സംഭവത്തില്‍ സ്‌കൂളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രിന്‍സിപ്പലിനും സഹായിക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും മാതാപിതാക്കളും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി. ബുധനാഴ്ച രാത്രി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സഹായിയെയും അറസ്റ്റ് ചെയ്തതായി ഷാഹാപൂര്‍ പൊലീസ് അറിയിച്ചു.
സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ടോയ്ലറ്റില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികള്‍ എന്ന് കണ്ടെത്തുന്നതിനായി, 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടര്‍ ഉപയോഗിച്ച് ടോയ്ലറ്റിലെയും ടൈലുകളിലെയും രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനികളോട് ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. കൈകള്‍ ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. ബാക്കിയുള്ള പെണ്‍കുട്ടികളെ വാഷ്റൂമുകളിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കി.
പരാതിക്കാരിയായ മാതാപിതാക്കളില്‍ ഒരാളുടെ മകളോട്, ആര്‍ത്തവമില്ലാത്തപ്പോള്‍ എന്തിനാണ് സാനിറ്ററി പാഡ് ഉപയോഗിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചതായും തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കള്ളം പറഞ്ഞതായി ആരോപിക്കുകയും ബലമായി അവളുടെ വിരലടയാളം എടുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തി സ്‌കൂളിലെ അനുഭവം മാതാപിതാക്കളോട് പറഞ്ഞു. പ്രിന്‍സിപ്പലിന്റെ പ്രവൃത്തി പെണ്‍കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ഒരു അമ്മ തന്റെ പരാതിയില്‍ പറഞ്ഞു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍, നാല് അധ്യാപകര്‍, അറ്റന്‍ഡര്‍, രണ്ട് ട്രസ്റ്റികള്‍ എന്നിവര്‍ക്കെതിരെ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് വിദ്യാര്‍ഥികളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.