
പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്
ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32കാരൻ. ഒരു യുവതിക്കാണ് ആദ്യം പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 58കാരൻ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികകളിലായി ജില്ലയിൽ 347 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.