അമ്മ തെരഞ്ഞെടുപ്പ്; ‘നടൻ ബാബുരാജ് മത്സരിക്കരുത്.. ആരോപണ വിധേയർ മാറിനിൽക്കണം’; മല്ലിക സുകുമാരൻ





താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് പിന്മാറണമെന്ന് നടി മല്ലിക സുകുമാരൻ. ആരോപണ വിധേയൻ ആളുകൾ മാറി നിൽക്കുന്നതാണ് ഉചിതമെന്നും. ബാബുരാജ് മത്സരിക്കുന്നത് പലതരം സംശയങ്ങൾക്ക് ഇടവരുത്തുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മോഹൻലാൽ അമ്മയുടെ തലപ്പത്ത് നിന്നും സ്ഥാനമൊഴിഞ്ഞത് മടുത്തിട്ടാണെന്നും. ഏതുപ്രശ്‌നം വന്നാലും ലാലിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നുവെന്നും. ലാലോ മമൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട്‌ പോലും ലഭിക്കില്ല എന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു. താനും മകനും അഭിപ്രായങ്ങൾ തുറന്നുപറയുന്നവരായതിനാൽ അമ്മയ്ക്ക് തങ്ങൾ അപ്രിയരാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

നിലവിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.

അതേസമയം അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല എന്ന നിർണ്ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് ജഗദീഷ്. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്നാണ് ജഗദീഷ് പറയുന്നത്. തന്റെ തീരുമാനം മോഹൻലാലിനെയും മമ്മൂട്ടിയെയും അറിയിച്ചുവെന്നും. സുരേഷ് ഗോപിയുമായും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വനിതകൾ നയിക്കട്ടെയെന്ന തീരുമാനത്തിൽ ഉറച്ച നിൽക്കുകയാണ് ജഗദീഷ്. ഇതിന് മുതിർന്ന താരങ്ങളുടെ അനുമതിയാണ് ഇനി വേണ്ടത്.

ആരോപണ വിധേയരായ ആളുകൾ തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കണം എന്ന അഭിപ്രായമാണ് അനൂപ് ചന്ദ്രനും മുന്നോട്ട് വെച്ചിട്ടുള്ളത്. സംഘടനയുടെ പ്രാധാന്യം മനസിലാക്കി അതനുസരിച്ചുള്ള ആളുകൾ തലപ്പത്തേക്ക് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ അറിയിച്ചിരുന്നു. എന്നാൽ ആരോപണ വിധേയരായവർക്കും മത്സരിക്കാം എന്ന അഭിപ്രായവുമായി സംഘടനയിലെ അംഗങ്ങളായ ചില നടിമാർ രംഗത്ത് വന്നിരുന്നു.
Previous Post Next Post