കെപിസിസിയെ അപമാനിക്കുന്ന രീതി..സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രാദേശിക പ്രവര്‍ത്തകർ…


        
കെപിസിസി നേതൃത്വത്തെ അപമാനിക്കുന്ന രീതിയിൽ കണ്ണൂരിൽ കെ. സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചത് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രാദേശിക പ്രവര്‍ത്തകരെന്ന് ഡിസിസി. സുധാകരന്‍ കണ്ണൂരിലെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് മുദ്രാവാക്യം വിളിച്ചതില്‍ അപാകതയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഇന്നലെ നടന്ന സമര സംഗമം പരിപാടിയിലാണ് കെപിസിസി പ്രസി‍ഡന്‍റിനും സഹഭാരവാഹികൾക്കും മുദ്രാവാക്യം വിളിക്കാതെ, പരിപാടിയിൽ പങ്കെടുക്കാത്ത കെ സുധാകരന് വേണ്ടി മാത്രം ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്

കെ.സുധാകരന്‍ പക്ഷത്തിന് സമരസംഗമം പരിപാടിയുമായി ബന്ധപ്പെട്ട് ഡിസിസി നേതൃത്വത്തോടുണ്ടായിരുന്ന എതിര്‍പ്പില്‍ നാണംകെട്ടത് കെപിസിസി പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറും ഉള്‍പ്പടെയുള്ള സംസ്ഥാന നേതൃത്വം. കണ്‍വെന്‍ഷന് എത്തിയ ഒരു നേതാവിനും പ്രവര്‍ത്തകര്‍ ജയ് വിളിച്ചില്ല, പകരം പരിപാടിയില്‍ പങ്കെടുക്കാത്ത കെ.സുധാകരനുവേണ്ടി മാത്രം മുദ്രാവാക്യം ഉയര്‍ത്തി. സ്വന്തം ജില്ലയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അകാരണമായി അപമാനിക്കപ്പെട്ടു എന്ന തോന്നലാണ് മുതിർന്ന നേതാക്കൾക്കുള്ളത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഡിസിസിയോട് വിശദീകരണം തേടാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ കെ.സുധാകരന ചൊല്ലിയുള്ള തര്‍ക്കമായതിനാല്‍ കനപ്പിച്ച് എന്തെങ്കിലും പറയാന്‍ നേതാക്കള്‍ക്ക് പറ്റുന്നുമില്ല.

കമ്പനിക്ക് പറ്റിയ തെറ്റല്ല,കെ.സുധാകരന്‍ പങ്കെടുക്കുന്നില്ലെന്നറിയച്ചത് കൊണ്ടാണ് സമരസംഗമം പരിപാടിയുടെ പോസ്റ്ററില്‍ കെ.സുധാകരന്‍റെ ഫോട്ടോ ആദ്യം ഉള്‍പ്പെടുത്താഞ്ഞത് എന്നാണ് ഡിസിസി നതൃത്വം പറയുന്നത്. മുദ്രാവാക്യം വിളിച്ചതില്‍ നേതാക്കള്‍ ആരുമില്ലെന്നും പാര്‍ട്ടിയില്‍നിന്ന് നേരത്തെ പുറത്താക്കിയ പ്രവര്‍ത്തകന്‍റെ നേതൃത്വത്തിലാണെന്നും ഡിസിസി പ്രസി‍ഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ഇന്നലെ പരിപാടി നടന്ന ഹാളിന് പുറത്ത് കെ സുധാകരന്‍റെ മാത്രം ഫ്ലക്സുകള്‍ സ്ഥാപിച്ചും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു


أحدث أقدم