
തിരുവനന്തപുരത്ത് വനിത ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലിലെ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് ചോറിന് കറിയായി നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്.
ഒന്നാംവർഷ ബിരുദ വിദ്യാർഥി സംവേദക്ക് ലഭിച്ച സാമ്പാറിലാണ് പുഴു ഉണ്ടായിരുന്നത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനെയും ക്യാമ്പസ് അധികൃതരെയും വിവരമറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ക്യാമ്പസിലെ വനിത ഹോസ്റ്റലിൽ നിന്നാണ് വിദ്യാർഥികൾക്ക് ഭക്ഷണമെത്തിക്കുന്നത്.
ഭക്ഷണം വൃത്തിയായാണ് ഉണ്ടാക്കുന്നതെന്നും പച്ചക്കറിയിൽനിന്നുള്ള പുഴുവായിരിക്കാമെന്നുമാണ് മെസ് അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ ഭക്ഷണം ബഹിഷ്കരിച്ചു. ഭക്ഷണം വളരെ മോശമാണെന്നും വിദ്യാർത്ഥികൾക്ക് പരാതി ഉണ്ട്. 150ഓളം വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. 2500 രൂപയാണ് മെസ് ഫീസ് വാങ്ങുന്നത്. പുഴുവിനെ കഴിക്കാനാണോ പണം നൽകുന്നതെന്ന് വിദ്യാർത്ഥിയുടെ കുടുംബം പ്രതികരിച്ചു. പരാതി ലഭിച്ച ഉടൻ അടിയന്തരമായി മെസ് കമ്മറ്റി കൂടിയെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.