പണിമുടക്കിൻ്റെ ഭാഗമായുള്ള യോഗത്തില്‍ പ്രസംഗം കേൾക്കാൻ പോയി; സിഐടിയു പ്രവര്‍ത്തകന് തെരുവുനായയുടെ കടി


റാന്നിയില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ പ്രസംഗം കേട്ടുനില്‍ക്കുകയായിരുന്ന സിഐടിയു പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് നായയുടെ കടിയേറ്റത്.

പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയനുകള്‍ നടത്തിയ പ്രകടനത്തിന്റെ സമാപനമായി സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധ പൊതുയോഗത്തിന്റെ കേള്‍വിക്കാരില്‍ ഏറ്റവും പിന്‍നിരയിലായിരുന്നു ബഷീര്‍. പ്രസംഗം കേട്ടുനില്‍ക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്. ബഷീറിനെ കടിച്ചതിന് പിന്നാലെ നായ ഓടിപ്പോവുകയുംചെയ്തു.

ബഷീറിനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. കടിയേറ്റ ബഷീറിനെ ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിന്‍ നല്‍കി. അതേസമയം, നായ മറ്റാരെയെങ്കിലും കടിച്ചതായി വിവരമില്ല. നായയെ പിന്നീട് കണ്ടെത്താനായില്ലെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

أحدث أقدم