സുരേഷ് ഗോപി കഴുത്തിലണിയുന്ന പുലിപ്പല്ല് ലോക്കറ്റിൻ്റെ ഉറവിടം തേടാൻ വനം വകുപ്പ്. ഒറിജിനൽ ആണെങ്കിൽ സോഴ്സ് വെളിപ്പെടുത്തേണ്ടി വരും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ വിളിപ്പിക്കും. തൃശൂർ DFOക്ക് മുന്നിൽ ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും.
Also Read: റാപ്പര്‍ വേടന്‍ വനം വകുപ്പ് കസ്റ്റഡിയില്‍; പുലിപ്പല്ല് കേസില്‍ ഇനി തെളിവെടുപ്പ്
പൊതുപരിപാടികളിൽ പലതിലും ഈ ലോക്കറ്റ് അണിഞ്ഞ് സുരേഷ് ഗോപി പങ്കെടുത്തത് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിം പൊലീസിനും വനം വകുപ്പിനും നൽകിയ പരാതിയിലാണ് അന്വേഷണത്തിനുള്ള നീക്കം തുടങ്ങുന്നത്.
ലോക്കറ്റിലെ പുലിപ്പല്ല് ഒറിജിനൽ ആണെങ്കിൽ അത് കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. അതല്ല, വ്യാജമാണെന്ന് സുരേഷ് ഗോപി സമ്മതിച്ചാൽ അത് പരിശോധിച്ച് ഉറപ്പിക്കാൻ ലോക്കറ്റ് വനംവകുപ്പിന് സറണ്ടർ ചെയ്യേണ്ടി വരും.
പുലിപ്പല്പ് ഒർജിനൽ ആണെന്ന് തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണ് സുരേഷ് ഗോപിക്കെതിരെ വരിക. സുരേഷ് ഗോപിയുടെ പൊതുപരിപാടികളുടെ വീഡിയോ സഹിതമാണ് പരാതി. ‘ദ ഹിന്ദു’ ദിനപത്രത്തിൽ കെ എസ് സുധിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പുലിപ്പല്ലു കൊണ്ട് ഉണ്ടാക്കിയതെന്ന് സംശയിക്കുന്ന ലോക്കറ്റ് ധരിച്ചതിന് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അടുത്തയിടെ വനം വകുപ്പ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്
2011ൽ ആദായനികുതി റെയ്ഡിനിടെ മോഹൻലാലിൻ്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ചതിൻ്റെ കുരുക്ക് ഇനിയും തീർന്നിട്ടില്ല. ഗണേഷ് കുമാർ വനംമന്ത്രിയായിരിക്കെ സർക്കാരും സഹായിച്ചിട്ടു പോലും തീർക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേസ് മുന്നോട്ട് പോകുന്നത്