സിപിഎം വനിതാനേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ;10 വർഷമായി പാർട്ടി അനീതികാണിക്കുന്നെന്ന് ശബ്ദസന്ദേശം





കൊച്ചി: സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച പാര്‍ട്ടി വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാ രാജു (56) വിനെയാണ് വീടിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ വീടിനടുത്തുനിന്ന് ഉച്ചത്തില്‍ ശബ്ദം കേട്ടാണ് നാട്ടുകാര്‍ എത്തിയത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിവരുന്ന റബ്ബര്‍ത്തോട്ടത്തില്‍ വീണുകിടക്കുന്ന നിലയില്‍ ആശയെ കണ്ടെത്തി. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്നും ഇവര്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ബോധപൂര്‍വം ഉപദ്രവിക്കുന്നുവെന്നും കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചുവെന്നും ശബ്ദസന്ദേശത്തിലുണ്ട്. തന്റെ വീടിന്റെ പരിസരത്ത് വഴി നിര്‍മിക്കുന്ന കാര്യത്തില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് സമിതി ബോധപൂര്‍വം ഉപേക്ഷ പുലര്‍ത്തുന്നതായും 10 വര്‍ഷമായി പാര്‍ട്ടി തന്നോട് അനീതി പ്രവര്‍ത്തിക്കുകയാണെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇനി ഒരു വനിതയ്ക്കും ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും പറയുന്നുണ്ട്.

തിരുമാറാടി കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍, കര്‍ഷകസംഘം എന്നിവയുടെ ഏരിയാ കമ്മിറ്റി അംഗമാണ്. മാറാടി ആലക്കല്‍ കുടുംബാംഗമാണ്. മകന്‍: പരേതനായ നിഷു. മരുമകള്‍: അഞ്ജലി (നഴ്‌സ് സൗദി). വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് തിരുമാറാടി ടാഗോര്‍ ഹാളിലും 12 – ന് വീട്ടിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ പൊതു ശ്മശാനത്തില്‍ നടക്കും.

ആശാരാജുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ആശാ രാജുവിന്റേതെന്നു കരുതുന്ന ശബ്ദരേഖയില്‍ തിരുമാറാടിയിലെ സിപിഎം. നേതാക്കള്‍ക്കെതിരേ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപമുണ്ടെന്നും ഷിയാസ് ആരോപിച്ചു. അതേസമയം ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം തയ്യാറായിട്ടില്ല.
Previous Post Next Post