കുമരകത്തെ തൊഴിലുറപ്പു തൊഴിലാളികൾ കണ്ടെത്തിയത് 200 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പ്പന്നങ്ങൾ...



കുമരകം : തൊഴിലുറപ്പ് തൊഴിലാളികൾ പണിക്കിടെ കണ്ടെത്തിയത് 200 പായ്ക്കറ്റ് ഹാൻസ്. കുമരകം പഞ്ചായത്ത് 11-ാo വർഡിലെ 40-ൽ ചിറ ഭാഗത്തു നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾ നിരോധിത പുകയില ഉത്പ്ന്നങ്ങൾ കണ്ടെത്തിയത്.

മേലേക്കര ഭാഗത്ത് മേലേക്കരമോട്ടോർ തറക്കു സമീപത്തെ തരിശു പുരയിടത്തിൽ ഒളിപ്പിച്ചിരുന്ന നിരോധിത ഉത്‌പ്പന്നമാണ് വനിതാ തൊഴിലാളികൾ കണ്ടെത്തിയത്. 40-ൽ ബിനുവിന്റെ വീടിനു സമീപത്തെ ചതുപ്പിൽ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പുകയില ഉത്‌പ്പന്നം.

ബിനുവും കുടുംബവും വർഷങ്ങളായി വിദേശത്തായതിനാൽ സാമൂഹികവിരുദ്ധർ ഈ ഭാഗം താവളമാക്കിയിരിക്കുകയാണെന്ന് സമീപ വാസികൾ പറഞ്ഞു. നാളുകൾക്ക് മുമ്പ് വൻ തോതിൽ ഹാൻസ് പായ്ക്കറ്റുകൾ സമീപത്തെ മറ്റാെരു റോഡിനു സമീപത്തു നിന്നും കണ്ടെത്തി തീയിട്ടു നശിപ്പിച്ചതായും തൊഴിലാളികൾ അറിയിച്ചു.


സന്ധ്യ കഴിഞ്ഞാൽ മേലേക്കര ഭാഗത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ ആരോപിച്ചു. കുമരകം പോലീസിന് ഹാൻസ് കൈമാറി. പോലീസ് കേസെടുത്തു.
Previous Post Next Post