നിയന്ത്രണംവിട്ട് 20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരായത് ജല അതോറിറ്റിയിലെ കരാർ ജീവനക്കാർ.


നിയന്ത്രണംവിട്ട് 20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരായത് ജല അതോറിറ്റിയിലെ കരാർ ജീവനക്കാർ. ഊരമന പാത്തിക്കൽ സ്വദേശിനി ലിസി ചാക്കോയാണ് ഊരമന അമ്പലംപടി-ആഞ്ഞിലിച്ചുവട് റോഡിൽ മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയത്.

പിറവം ജല അതോറിറ്റിയിൽ പൈപ്പ് അറ്റകുറ്റപ്പണികൾ ചെയ്യുന്ന കരാർ ജോലിക്കാരായ പിറവം സ്വദേശി കെ.കെ. അശോക്‌കുമാർ, ഇടയാർ സ്വദേശി എം.ടി.രാജേഷ്‌കുമാർ എന്നിവരാണ് ലിസിയുടെ രക്ഷക്കെത്തിയത്. രാവിലെ പള്ളിയിൽ നിന്നു വീട്ടിലേക്കു കാർ ഓടിച്ചു മടങ്ങുകയായിരുന്നു ലിസി. കുത്തനെയുള്ള കയറ്റവും വളവുകളും ചേരുന്ന ഭാഗത്താണ് കാർ അപകടത്തിൽപെട്ടത്.

പാത്തിക്കലിലെ തടയണയിൽ നിന്നു വെള്ളം കവിഞ്ഞൊഴുകുന്ന തോടിന് സമീപത്താണ് കാര്‍ മറിഞ്ഞത്. വെള്ളത്തിന്റെ ഇരമ്പൽ മൂലം കാർ വീഴുന്ന ശബ്ദമോ ലിസിയുടെ കരച്ചിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

പാത്തിക്കൽ ഭാഗത്തുണ്ടായ പൈപ്പ് ചോർച്ച പരിഹരിക്കുന്നതിന് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നു അശോക് കുമാറും രാജേഷ് കുമാറും. രാജേഷാണ് ദൂരെ തലകീഴായി കിടക്കുന്ന കാർ കണ്ടത്. ഉടന്‍തന്നെ മൺ തിട്ടയിലൂടെ പിടിച്ചിറങ്ങി ഇവര്‍ വാഹനത്തിന് അരികിലെത്തി. ഗ്ലാസിനുള്ളിലൂടെ നോക്കിയപ്പോഴാണ് ഗുരുതര പരിക്കുകളോടെ ലിസിയെ കണ്ടെത്തിയത്. പിന്നാലെ പാത്തിക്കൽ ജങ്ഷനിൽ അറിയിച്ചു നാട്ടുകാരുടെ സഹായത്തോടെ ലിസിയെ കാറില്‍ നിന്ന് പുറത്തെത്തിച്ചു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലിസി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
أحدث أقدم