വിഷമദ്യ ദുരന്തം; 23 പ്രവാസികൾ മരിച്ചു, 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വിഷ മദ്യദുരന്തത്തിനെ തുടർന്ന് പരിശോധനകൾ ശക്തമാക്കി സുരക്ഷാ ഏജൻസികൾ. ഫഹാഹീൽ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യനിർമ്മാണ കേന്ദ്രത്തിൽ അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. മദ്യ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു, കൂടാതെ, അബു ഹലീഫ പ്രദേശത്ത് മദ്യം വിതരണം ചെയ്തതിന് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പടെ 23 ഏഷ്യൻ പ്രവാസികൾ മരിക്കുകയും, 160-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ വ്യാപകമായ പരിശോധനകളും റെയ്ഡുകളും ശക്തമാക്കി. അഹ്മദി സുരക്ഷാ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഫഹാഹീൽ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യനിർമ്മാണ കേന്ദ്രം പിടിച്ചെടുത്തു.

സ്ഥലത്ത് നിന്ന് മദ്യ നിർമ്മാണത്തിനുള്ള ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു. അതേസമയം അബു ഹലീഫ പ്രദേശത്തും ജലീബ് ഷുവൈക്കിലും അനധികൃതമായി മദ്യം വിതരണം ചെയ്തതിന് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കഴിഞ്ഞ ആഴ്ച മുതൽ മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേൽക്കാൻ കാരണമായത്. 23 പ്രവാസികൾ മരിച്ചു. 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. 61 പേർ വെന്റിലേറ്ററിലും 160 പേർ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പലരും ഗുരുതരാവസ്ഥയിൽ കഴിയുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ ദുരന്തത്തിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ പ്രവാസികളാണ് മരണപ്പെട്ടത്. നിരവധി മലയാളികൾ മരണപ്പെട്ടതായാണ് റിപ്പോർട്ട്. നേപ്പാളി എംബസി സ്ഥിരീകരിച്ച പ്രകാരം മെഥനോൾ കലർന്ന മദ്യം കഴിച്ച് 10 നേപ്പാളി പൗരന്മാർ കുവൈത്തിൽ മരിച്ചതായി നേപ്പാളി എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിഷാംശം കലർന്ന മദ്യം കഴിച്ചതായി കരുതപ്പെടുന്ന 35ഓളം നേപ്പാളികൾ നിലവിൽ കുവൈത്തിലുടനീളമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. എന്നാൽ വിഷാംശം കലർന്ന മദ്യം കഴിച്ച് 16 നേപ്പാളി പൗരന്മാർ മരിച്ചതായി ‘ഫെഡറേഷൻ ഓഫ് നേപ്പാളി ജേർണലിസ്റ്റ്’ റിപ്പോർട്ട് ചെയ്തു. അതേസമയം കുവൈത്തിലെ നേപ്പാളി അംബാസഡർ ഘനശ്യാം ലാംസൽ എഫ്എൻജെയുടെ ഈ റിപ്പോർട്ടിനെ എതിർക്കുകയും എംബസിക്ക് 10 നേപ്പാളി മരണങ്ങളെക്കുറിച്ച് മാത്രമേ വിവരങ്ങൾ ഉള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.


മദ്യദുരന്തത്തെത്തുടർന്ന് വിവിധ ഉൽപാദന-വിതരണ കേന്ദ്രങ്ങൾ പൊളിച്ചുനീക്കി, 10-ലധികം പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പ്രതികളിൽ നിന്നും പുതിയ നിർമ്മാണ കേന്ദ്രങ്ങളുടെ വിവരങ്ങളും ലഭിച്ച സാഹചര്യത്തിൽ ശക്തമായ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയാണ്.
Previous Post Next Post