സര്‍ക്കാര്‍ ജീവനക്കാർക്ക് 4500 രൂപ ബോണസ്, 500 രൂപ കൂട്ടി





തിരുവനന്തപുരം : ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണം ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനകാര്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.
Previous Post Next Post