ഓണ പരിപാടിയുടെ ഭാ​ഗമായി പൂക്കളം ഒരുക്കുന്നതിനിടെ യുവാവിന് നേരെ ആക്രമണം; സിപിഎം വാർഡ് അംഗം ഉൾപ്പെടെ 5 പേർക്കെതിരെ കേസ്


ഓണ പരിപാടിയുടെ ഭാ​ഗമായി പൂക്കളം ഒരുക്കുന്നതിനിടെ യുവാവിനെ ആക്രമിച്ചെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സിപിഎം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ യുവാവിനെ അക്രമിച്ചത്. അഞ്ചംഗ സംഘം കാറിലും ബൈക്കിലുമെത്തി ആക്രമണം നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വെള്ളറട സ്വദേശി സന്ദീപ് ആണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടയാൽ ചന്ത ഭാഗത്ത് ഓണപരിപാടിയുടെ ഭാഗമായി അത്തപ്പൂക്കളമൊരുക്കുന്നതിനിടെ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായെന്നാണ് എഫ്‌ഐആർ. ആക്രമണമേറ്റ സന്ദീപിന്റെ അനിയൻ സഞ്ജീവന്റെ പേരിൽ ഒരും വീടാക്രമിച്ചെന്ന കേസുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് തന്നെ ആക്രമിച്ചെതെന്നാണ് സന്ദീപ് പറയുന്നത്.

എള്ളുവിള സ്വദേശിയകളായ അബിൻ, ആഷിഷ്, അനീഷ്, കുടയാൽ സ്വദേശി രാഹുൽ, എന്നിവർക്കെതിരെയാണ് കേസ്. അബിൻ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എള്ളുവിള വാർഡ് മെമ്പറുമാണ്. ആക്രമികളിൽ ഒരു പൊലീസുകാരനും ആർമി ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം അടക്കമാണ് വെള്ളറട പൊലീസ് കേസെടുത്തിരിക്കുന്നത്.

أحدث أقدم