അമ്പലപ്പുഴ: മുല്ലയ്ക്കൽ സ്വദേശിനിയായ കോളേജ് പ്രൊഫസ്സറിൽ നിന്നും 9.45 ലക്ഷം ഓൺലൈൻ വഴി തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ.ഓൺലൈൻ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിലായി. ഗുജറാത്ത് കച്ച് ജില്ലയിലെ ഗാന്ധിധാം സ്വദേശി മഹേശ്വരി മനീഷ് ദേവ്ജിഭായ് (21 ) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽ നിന്നും പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി.സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.
2025 മാർച്ച് മാസം പരാതിക്കാരിയുടെ ഫേസ്ബുക് അക്കൗണ്ടിൽ കണ്ട പരസ്യത്തിലെ ലിങ്ക് വഴി ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് കമ്പനിയുടെ പ്രതിനിധിയാണെന്ന പേരിൽ ഫോൺകാൾ വഴി ബന്ധപ്പെട്ട് പരാതിക്കാരിയെ കമ്പനിയിൽ അംഗമായി ഷെയർട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ട്രേഡിങ്ങ് നിക്ഷേപം എന്ന പേരിൽ തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു. അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പു തുടർന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാർച്ച് 11 മുതൽ 21 വരെയുള്ള തീയതികളിലായി ആകെ 9.45 ലക്ഷം രൂപയാണ് പരാതിക്കാരിയിൽ നിന്നും പ്രതികൾ അയച്ചുവാങ്ങിയത്. തുടർന്ന് ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ തുക ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പു ബോധ്യമായത്.
തുടർന്ന് പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുകയും തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ 2025 മാർച്ച് 28 ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും തുടർന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സിപിഓ വിദ്യയുടെ നേതൃത്വത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പരാതിക്കാരിക്ക് നഷ്‌ടമായ തുകയിൽ 4 ലക്ഷത്തോളം രൂപ പിടിച്ചെടുക്കാനും കഴിഞ്ഞു. ഇതിൽ 2.37 ലക്ഷം രൂപ പരാതിക്കാരിക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം തിരികെ ലഭിച്ചിട്ടുള്ളതും ബാക്കി തുക തിരികെ നൽകുന്നതിലേക്കുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.
പരാതിക്കാരിയിൽ നിന്നും അയച്ചുവാങ്ങിയ 9.45 ലക്ഷം രൂപയിൽ 4.40 ലക്ഷം രൂപ തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പ്രതിയാണ് അറസ്റ്റിലായത്. പ്രതിയുടെ സുഹൃത്തായ സുഹൈൽ താക്കർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ചു വാങ്ങിയതെന്നും ഇതിനായി തനിക്ക് കമ്മീഷൻ കിട്ടിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. ആലപ്പുഴ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ജൂൺ 17 നു ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സിപിഒമാരായ അഖിൽ ആർ, ജേക്കബ് സേവ്യർ എന്നിവർ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാമിലെത്തി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനുമേലാണ് പ്രതിയുടെ അറസ്റ്റ് നടത്തിയത്.
ആലപ്പുഴ ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി സന്തോഷ് എം എസ് ന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി എസ് ശരത്ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് എം എം, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ ആർ, ജേക്കബ് സേവ്യർ, വിദ്യ ഓ കെ എന്നിവരടങ്ങുന്ന അന്വേഷണസംഘം ഗുജറാത്ത് സംസ്‌ഥാനത്തെ കച്ച് ജില്ലയിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഗാന്ധിധാം എന്ന സ്‌ഥലത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ജന്മാഷ്ടമിയോടനുബന്ധിച്ചുള്ള ഉത്സവം നടക്കുന്നതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ നാട്ടുകാർ തടസ്സം നിൽക്കുകയും ഇതിനെ തരണം ചെയ്ത് ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയുമായിരുന്നു. ഗാന്ധിധാം (PS-6) ബി ഡിവിഷൻ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ഗാന്ധിധാം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ തുടർന്ന് ട്രാൻസിറ്റ് വാറന്റ് പ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശ്രീ.രഞ്ജിത്ത് കൃഷ്ണൻ. എൻ. മുൻപാകെ ഹാജരാക്കി. അറസ്റ്റ് സമയം പ്രതി പരാതിക്കാരിയിൽ നിന്ന് വഞ്ചിച്ചു അയച്ചുവാങ്ങിയ തുക തിരികെ നല്കാൻ സന്നദ്ധനായിരുന്നു. അറസ്റ്റിലായ പ്രതിയുടെ പേരിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം തമിഴ്നാട് ആവഡി സിറ്റി പോലീസിലും പരാതി നിലവിലുണ്ട്. IP അഡ്രസ്സ് ട്രേസ് ചെയ്തുള്ള അന്വേഷണത്തിലും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും ഈ കേസിലേക്ക് കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിക്കുന്നു.