ബസ് കാത്തുനിന്ന യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ


പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ ഡെലിവറി വാനിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വാൻ ഓടിച്ചിരുന്ന എറണാകുളം അഞ്ചൽപെട്ടി ഇടച്ചാട്​ വീട്ടിൽ എൽദോ ബേബിയെയാണ് പൊലീസ്​ അറസ്റ്റ്​ ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെ 6.40നായിരുന്നു അപകടം. പനവേലിയിൽ എം.സി റോഡിൽ ബസ് കാത്തുനിന്ന രണ്ട് യുവതികളാണ് ഡെലിവറി വാനിടിച്ച് മരിച്ചത്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സ്​ പനവേലി ഷാൻ ഭവനിൽ ​സോണിയ ഷാൻ (33), കൊട്ടാരക്കരയിലെ സ്വകാര്യ ബേക്കറി ജീവനക്കാരി പനവേലി ചരുവിള വീട്ടിൽ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്.

ഓട്ടോ ഡ്രൈവർ പനവേലി പ്ലാവില വീട്ടിൽ വിജയനെ (64) പരിക്കുകളോടെ തിരുവനന്തപുരത്തെ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനവേലിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവാൻ ശ്രീക്കുട്ടിയും സോണിയയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിൽക്കെ കൊട്ടാരക്കരയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് വന്ന ഡെലിവറി വാൻ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സമീപം​ നിർത്തിയിട്ട ഓട്ടോയും ഇടിച്ചു തെറിപ്പിച്ചു. സംഭവം നടക്കുമ്പോൾ പനവേലിയിൽ ഉണ്ടായിരുന്ന ശ്രീക്കുട്ടിയുടെ ബന്ധു സേതുനാഥും നാട്ടുകാരും റോഡിലൂടെ വന്ന വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് ആംബുലൻസ് എത്തിയാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്.

സോണിയ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശ്രീക്കുട്ടിയെ വിജയാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സോണിയയുടെ ഭർത്താവ് ഷാൻ. മക്കൾ: ആഷ്ണി, ആഷ്ണ. ശ്രീക്കുട്ടിയുടെ പിതാവ്: വിശ്വംഭരൻ. മാതാവ്: കൗസല്യ. സഹോദരി: വിനിത.

أحدث أقدم