യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ പൊലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. ബാലറ്റ് പേപ്പര്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി തട്ടിപ്പറിച്ചതിനെ തുടർന്നായിരുന്നു സംഘർഷം രൂക്ഷമായത്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന സമയം എംഎസ്എഫ് – കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
ബാലറ്റ് പേപ്പര്‍ തട്ടിയെടുത്ത സ്ഥാനാര്‍ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ ടൗണ്‍ എസ്.ഐ പ്രകോപനമുണ്ടാക്കുന്നെന്ന് എസ്എഫ്ഐ ആരോപിച്ചു. എന്നാൽ ബാലറ്റ് തട്ടിപ്പറിച്ചില്ലെന്നും പൊലീസ് എംഎസ്എഫിനെ സഹായിക്കുന്നെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ആരോപിച്ചു. പൊലീസിനെതിരെ പരാതി നല്‍കുമെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ അകാരണമായി വിദ്യാർഥിനിയെ തടഞ്ഞുവച്ചുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ എസ്എഫ്‌ഐ തടഞ്ഞുവെന്ന് കെഎസ്‌യു ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം എസ്എഫ്‌ഐ നിഷേധിച്ചിട്ടുണ്ട്. വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല.
പൊലീസുമായി ഏറ്റുമുട്ടുകയും, തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാൻ വിസിക്ക് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ഇത്തരത്തിൽ സുരക്ഷയ്ക്കായി എത്തിയ പൊലീസ് സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഒഴിഞ്ഞുപോകാൻ തയ്യാറായില്ല. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.