മണര്‍കാട് - മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലിലെ ഈ വര്‍ഷത്തെ എട്ടുനോമ്പ് പെരുനാള് ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചു. ജില്ലാ ശുചിത്വമിഷന് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് പെരുനാള് ഹരിതാഭമാക്കി നടത്താന്‍ തീരുമാനിച്ചത്. മണര്‍കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രതിനിധികളും പള്ളി അധികാരികളും പങ്കെടുത്തു.യോഗം ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി അധ്യക്ഷനായിരുന്നു.യോഗത്തില്‍ ശുചിത്വമിഷന് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ നോബിള്‍ സേവ്യര്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് എസ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി സുമേഷ് എസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണ്‍, ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിത അനീഷ്, സെന്റ് മേരീസ് പള്ളി സെക്രട്ടറി പി എ ചെറിയാന്, ട്രസ്റ്റിമാരായ ജോര്‍ജ്ജ് സക്കറിയ, സുരേഷ് കെ എബ്രഹാം, ബെന്നി റ്റി ചെറിയാന്, പഞ്ചായത്ത് ജെ എച്ച് ഐ ശാരിമോള്‍ കെ സി, ശുചിത്വമിഷന് ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പള്ളിയും പരിസരവും മാലിന്യമുക്തമാക്കും. പഞ്ചായത്തിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യും.എല്ലാ കടകളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്ന നിയമം കര്‍ക്കശമാക്കും. കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വഴിയോരങ്ങളിലും പ്രധാനസ്ഥലങ്ങളിലും ബോട്ടില്‍ ബൂത്തുകളും ബിന്നുകളും സ്ഥാപിക്കും. ജൈവമാലിന്യങ്ങള്‍ പള്ളി അധികാരികള്‍ യഥാസമയം നീക്കം ചെയ്യും. കുമരകത്തെ മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ സെപ്റ്റി ടാങ്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യും.സ്റ്റീല്‍ പാത്രങ്ങളില്‍ നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും. പള്ളിയിലെ ശുചീകരണ തൊഴിലാളികള്‍ ദിവസേന പള്ളിയും പരിസരവും ശുചീകരിക്കും.പെരുനാള് സമാപനത്തിന് ശേഷം മെഗാ ക്ലീനിംഗ് ട്രൈവും നടത്താന്‍ തീരുമാനിച്ചു.പെരുനാള് അലങ്കാരങ്ങള്‍ പൂര്‍ണ്ണമായും ഹരിതപെരുമാറ്റചട്ടം അനുസരിച്ച് നടത്തും.
മണര്‍കാട് എട്ട്നോമ്പ് പെരുനാള് ഹരിതാഭമാക്കും
ജോവാൻ മധുമല
0
Tags
Top Stories