നെയ്യാറ്റിൻകര ഗോപന്റെ സമാധി ക്ഷേത്രമാക്കാൻ തീരുമാനം; പണി ആരംഭിക്കുന്നത് ഓണത്തിന് ശേഷം...


നെയ്യാറ്റിന്‍കര ഗോപന്റെ സമാധി ക്ഷേത്രമാക്കാന്‍ തീരുമാനം. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്റെ മരണത്തെ തുടര്‍ന്ന് നിരവധി സംഭവവികാസങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ല എന്ന് കണ്ടെത്തിയ ശേഷമായിരുന്നു സമാധിയിരുത്തിയത്. ഗോപന്റെ മരണം സംഭവിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സമാധി ക്ഷേത്രമാക്കാന്‍ തീരുമാനമായിരിക്കുന്നത്.

നിലവില്‍ സമാധി പീഠം പുതുക്കി പണിയുകയും അതിന് മുകളിലായി ശിവലിംഗം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഋഷി പീഠം എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ പൂജ നടക്കുന്നുണ്ട് എന്നാണ് കുടുംബം പറയുന്നത്. പൂജയില്‍ പങ്കെടുക്കാന്‍ നിരവിധി ആളുകള്‍ എത്തുന്നുണ്ട് എന്നും കുടുംബം അവകാശപ്പെടുന്നു.

ജനുവരി 16നായിരുന്നു കേരളത്തിൽ വലിയ ചർച്ചകൾക്ക് കാരണമായ നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം പുറത്തെടുക്കുന്നതും തുടർന്ന് പരിശോധന നടത്തുന്നതും. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ​ഗോപൻ്റെ മൃതശരീരം അസ്വാഭാവികത ഇല്ല എന്ന് കണ്ടെത്തിയതിന് ശേഷം വീണ്ടും സമാധിയിരുത്തുകയായിരുന്നു . പൊളിച്ച സമാധിത്തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സമാധി ക്ഷേത്രമാക്കാൻ ഒരുങ്ങുന്നത്.

Previous Post Next Post