പാലക്കാട് വാണിയംകുളം പനയൂരിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. വീടുകളുടെ മുറ്റത്തേക്ക് മണ്ണും കല്ലുകളും വന്ന് നിറഞ്ഞു. ഉരുൾ പൊട്ടിയോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പനയൂർ ഇളംകുളത്തെ പ്രദേശവാസികൾ ഭയാനകമായ ശബ്ദം കേട്ടതായി പറയുന്നു. ഇതോടെ ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടി. പ്രദേശത്ത് ആകെ ഏഴ് വീടുകളാണ് ഉള്ളത്. ഇതിൽ മൂന്ന് വീടുകളുടെ മതിലുകൾ ഇടിഞ്ഞ് താഴ്ന്നു
വാണിയംകുളം പഞ്ചായത്തിലെ പനയൂർ വെസ്റ്റ് 17ാം വാർഡിലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇന്നലെയും ഇന്നുമായി ജില്ലയിൽ കനത്ത മഴയാണ്. മലവെള്ളപ്പാച്ചിൽ ഉണ്ടായയതിനെ തുടർന്ന് പ്രദേശത്തെ വീടുകളിൽ നിന്നും ആളുകലെ മാറ്റിയിട്ടുണ്ട്. അതേസമയം, ആശങ്ക വേണ്ടെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി എ കെ വിനോദ് അറിയിച്ചു. ശക്തമായ മഴയിൽ മലയിൽ നിന്ന് വെള്ളം കുത്തി ഒഴുകിയതാണെന്നും അദ്ദേഹം പറഞ്ഞു