ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയെ ഇന്ന് രാവിലെയാണ് മരിച്ചത്. വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങൾ. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ശ്രീജയുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാൻ സമ്മതിക്കാതെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ആര്യനാട് പഞ്ചായത്ത് പ്രസിഡണ്ടിനും മറ്റ് സിപിഎം പ്രവർത്തകർക്കുമെതിരെ എഫ്ഐആർ ഇടണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.