ഗവ. ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; കേസ് എൻഐഎ അന്വേഷിക്കണമെന്ന് അമ്മ



കൊച്ചി: മൂവാറ്റുപുഴ ഗവ. ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എൻഐഎ അന്വേഷിക്കണമെന്ന് അമ്മ. എൻഐഎ യുടെ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചും. മകൾ ആത്മഹത്യ ചെയ്തത് മത പരിവർത്തന ശ്രമം മൂലമാണെന്നാണ് അമ്മ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

മതം മാറ്റത്തിന് വിദ‍്യാർഥിനി വിസമ്മതിച്ചതോടെ ആൺ സുഹൃത്ത് റമീസിൽ നിന്നുണ്ടായ അവഗണന മൂലമാണ് സോന ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റമീസിന്‍റെ അച്ഛനെയും അമ്മയെയും അന്വേഷണ സംഘം കേസിൽ പ്രതിചേർത്തേക്കും. ഇതിനായി ഇവരെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്യും.
കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്‍റെ മകൾ സോന (21) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് റമീസിനെ തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിട്ടുള്ളത്.

റമീസ് സോനയെ മര്‍ദിച്ചതിന്‍റെ അടക്കമുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടേയും വാട്‌സാപ്പ് ചാറ്റില്‍നിന്നാണ് ഇതിന്‍റെ തെളിവുകള്‍ ലഭിച്ചത്. കൂടാതെ, റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചതായും രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായും പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ടായിരുന്നു.

റമീസിനെ അടുത്തിടെ ഇമ്മോറൽ‌ ട്രാഫിക്കിന് ലോഡ്ജിൽ നിന്ന് പിടിച്ചതായി പെൺകുട്ടിയുടെ സഹോദരൻ ബേസിലും പറഞ്ഞിരുന്നു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ സോനയെ റമീസ് വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് റമീസും കുടുംബാംഗങ്ങളും മർദിച്ചു. മതം മാറാൻ പൊന്നാനിയിലേക്ക് പോകാൻ വണ്ടി റെഡിയാക്കി നിർത്തിയേക്കുന്നുവെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. എന്നാൽ സോന മതം മാറാൻ പറ്റില്ലെന്ന് പറഞ്ഞതായി ബേസിൽ പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാര്‍ഥിനിയായ സോനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്. വിവാഹംകഴിക്കണമെങ്കില്‍ മതം മാറണമെന്നായിരുന്നു റമീസിന്‍റെയും കുടുംബത്തിന്‍റെയും നിര്‍ബന്ധം. ആണ്‍സുഹൃത്ത് റമീസിനെതിരേ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്.
Previous Post Next Post