കോട്ടയം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയായെ ഒരുകൂട്ടം ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോട്ടയത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ്), സെക്രട്ടറി കെ.എം. അനൂപ് (മലയാളശബ്ദം), ട്രഷറർ അനീഷ് (ഹോണസ്റ്റി ന്യൂസ്) തുടങ്ങിയവർ സംസാരിച്ചു.
സത്യം വിളിച്ചു പറയുന്നവരെ ആക്രമിക്കുന്ന രീതിയെ കാടത്തം എന്നാണ് യോഗം വിശേഷിപ്പിച്ചത്. കേരളത്തിൽ നിരവധി ജനകീയ പ്രശ്നങ്ങൾ നിലനിൽക്കെ, അവയിൽ പലതും കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഷാജനെതിരെ ഉണ്ടായ ആക്രമണം പ്രതിഷേധാർഹമാണ്. ഇത്തരം നടപടികൾ, നിർഭയമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും തയ്യാറാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും തടസ്സമാകുമെന്നും യോഗം വിലയിരുത്തി.
കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും കർശന ശിക്ഷണനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.