ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്ത് വിദ്യാർത്ഥികൾ. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്. വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ കാറുകളും എസ് യു വികളുമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സാഹസിക യാത്ര.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥികൾ സാഹസികയാത്ര നടത്തിയത്. വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെയായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. മുന്നിലും പിന്നിലുമായി പോകുന്ന വാഹനങ്ങളുടെയും ഡോറുകളിലും മറ്റും വിദ്യാർത്ഥികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ബസിന്റെ ഡോർ അടയ്ക്കാതെ സ്‌റ്റെപ്പിൽ നിന്നും തല പുറത്തേക്ക് ഇട്ട് എല്ലാ ജനലുകളിലും ഇരുന്നുമാണ് ആഘോഷങ്ങൾ കൊഴുപ്പിക്കുന്നതിന് വേണ്ടിയുള്ള യാത്ര. ഈ യാത്രയുടെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കെഎസ്ആർടിസിയുടെ ബസുകൾ ഇപ്പോൾ സ്വകാര്യ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കാൻ സാധിക്കും. വിവാഹം, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കാണ് കെഎസ്ആർടിസിയുടെ ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. എന്നാൽ, ഒരു കോളജിന്റെ ഓണാഘോഷത്തിനായി ഇത്തരത്തിൽ ബസ് വാടകയ്ക്ക് എടുക്കുന്നത് അപൂർവമാണെന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസി ബസിൽ ഇത്തരം നിയമലംഘനങ്ങൾ ഉണ്ടായത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
കാറുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളിൽ ഇത്തരത്തിലുള്ള സാഹസികയാത്രകൾ ശ്രദ്ധയിൽപെട്ടാൻ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കൽ, പെർമിറ്റ് പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഗുരുതരമായ നിയമലംഘനം നടത്തിയ കെഎസ്ആർടിസി ജീവനകാർക്കെതിരേയും വിദ്യാർത്ഥികൾക്കെതിരേയും കർശന നടപടി സ്വീകരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.