ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബംഗാൾ സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയവർ അറസ്റ്റിൽ


ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബംഗാൾ സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയവർ അറസ്റ്റിൽ. കൊല്ലം സ്വദേശി ഷാജിമോൻ, ആലപ്പുഴ സ്വദേശി അൻവർ എന്നിവരെയാണ് കോഴിക്കോട് നല്ലളം പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ബംഗാൾ സ്വദേശികളായ റജാലുവിനെയും അബ്ദുകരീമിനെയും കാടുവെട്ടാനെന്ന് പറഞ്ഞാണ് പ്രതികൾ നല്ലളം ജങ്ഷനിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് കാടുമൂടിയ ആളൊഴിഞ്ഞ പറമ്പ് കാണിച്ചുനൽകി അത് വെട്ടി വൃത്തിയാക്കാൻ ഏൽപ്പിച്ചു. തുടർന്ന് തൊഴിലാളികൾ പണിയെടുക്കുന്നതിനിടെ ഇരുവരും ഇവരുടെ പണവും മൊബൈൽഫോണുകളും കവർന്ന് മുങ്ങുകയായിരുന്നു.

ബംഗാൾ സ്വദേശികളുടെ 11,500 രൂപയും മൊബൈൽഫോണുകളും വസ്ത്രങ്ങളുമാണ് പ്രതികൾ തട്ടിയെടുത്തത്. ഉച്ചയോടെ ബംഗാൾ സ്വദേശികൾ പണികഴിഞ്ഞെത്തിയപ്പോഴാണ് സൂക്ഷിച്ചുവെച്ചിരുന്ന പണവും മൊബൈൽഫോണും കാണാനില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സൈബർസെല്ലിന്റെ സഹകരണത്തോടെയുമാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതികൾ കാറിലാണ് വന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇവരെ പിന്തുടർന്ന അന്വേഷണസംഘം രണ്ടുപേരെയും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് പന്തീരാങ്കാവ്, മലപ്പുറം കാടാമ്പുഴ പോലീസ് സ്‌റ്റേഷൻ പരിധികളിലും കഴിഞ്ഞദിവസങ്ങളിൽ സമാനരീതിയിൽ മറുനാടൻ തൊഴിലാളികൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനുപിന്നിലും ഷാജിമോനും അൻവറും ആണോയെന്നത് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

أحدث أقدم