പുലി ഭീതിയിൽ ഈ ഗ്രാമം…പരിഭ്രാന്തിയിൽ നാട്ടുകാർ





കൊച്ചി: പുലിഭീതിയില്‍ എറണാകുളം മലയാറ്റൂര്‍ നിലീശ്വരം പാണ്ഡ്യന്‍ചിറ. ഒരാഴ്ച്ചക്കിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചത്. പകല്‍ സമയത്തുള്ള പുലിയുടെ ആക്രമണം നാട്ടുകാരെയാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പുലിയെ പിടികൂടാന്‍ കൂട് വയ്ക്കണമെങ്കില്‍ മുകളില്‍ നിന്നുള്ള അനുവാദം വേണമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് വനംവകുപ്പ്.

കാടിനോട് ഓരം ചേര്‍ന്നുകിടക്കുന്ന മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്തിലെ പാണ്ഡ്യന്‍ ചിറ. ആനയും പന്നിയും പതിവായ ഇടത്താണ് ഭീതി ഇരട്ടിയാക്കി പുലിയുമെത്തിയിരിക്കുന്നത്. ആറ് മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍ സമയത്തുപോലും പുലി എത്തുന്നു. ഒരാഴ്ചക്കിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊന്നു തിന്നത്. വനം വകുപ്പിന്‍റെ ക്യാമറയില്‍ പുലി കുടുങ്ങിയിട്ടുണ്ട്.

പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് നടപടി എടുത്തിട്ടില്ല. കൂട് വയ്ക്കാന്‍ ഉന്നതതല തീരുമാനം വേണമെന്നാണ് ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് പറയുന്നത്. ഒപ്പം നാട്ടുകാര്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത വേണെന്നുമുള്ള മുന്നറിയിപ്പും മാത്രം. നേരത്തെ ഇതേ പഞ്ചായത്തില്‍ നിന്ന് മൂന്ന് തവണ പുലികളെ കൂട് വച്ച് പിടികൂടിയിട്ടുണ്ട്.

Previous Post Next Post