കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് പഴയതുപോലെ ശക്തമല്ലെങ്കിലും തന്റെ പിതാവിനെ ചതിച്ചിട്ടു പോയ നേതാക്കളെ തരം കിട്ടുമ്പോഴൊക്കെ കൂരമ്പ് എയ്ത് വീഴ്ത്തുന്നതില്‍ രസം കണ്ടെത്തുന്ന ആളാണ് കെ മുരളീധരന്‍. ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്ന രമേശ് ചെന്നിത്തല അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് തിരുത്തല്‍വാദവുമായി കോണ്‍ഗ്രസില്‍ പിടിമുറുക്കിയതും തന്റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ചതും മറക്കാനും പൊറുക്കാനും തയ്യാറല്ലെന്ന സന്ദേശം വ്യക്തമായി ഒന്നുകൂടി പറഞ്ഞിരിക്കുകയാണ് മുരളീധരന്‍. ആരോടെല്ലാം പൊറുത്താലും അച്ഛനെ വഞ്ചിച്ചവരോട് പൊറുക്കില്ല. കരുണാകരന്റെ മനസ്സില്‍ വേദനയുണ്ടാക്കിയവര്‍ രാഷ്ട്രീയമായി താഴോട്ട് പതിച്ചു. ദേശീയപാത തകര്‍ന്നതുപോലെയാണ് ഇവര്‍ക്ക് സംഭവിച്ചത്. ഇതിന് കാരണം കരുണാകരനില്‍ നിന്ന് കിട്ടിയ ശാപമാണ്. പലരുടേയും നെഞ്ച് പൊള്ളിക്കുന്ന ഈ വാക്കുകളാണ് മുരളിയില്‍ നിന്നുണ്ടായത്.
എഴുപതുകളില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ആദര്‍ശത്തിന്റെ മുഖവും പരിവര്‍ത്തനവാദി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന എംഎ ജോണിന്റെ പേരിലുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് വിഡി സതീശന് നല്‍കിയ ശേഷമായിരുന്നു മുരളീധരൻ നിലപാട് വ്യക്തമാക്കിയത്. അതും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട തൃശൂരിലെ മണ്ണില്‍ വച്ചും. അതുകൊണ്ട് തന്നെ മുരളീധരന്‍ ആലോചിച്ച് ഉറപ്പിച്ച് ചിലരെ നേരിടാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗം തന്നെയാണ് ഈ തുറന്ന് പറച്ചില്‍ എന്ന് ഉറപ്പായും പറയാം.
സംസ്ഥാന കോണ്‍ഗ്രസില്‍ കെ കരുണാകരന്‍ അതിശക്തനും മുഖ്യമന്ത്രിയുമായിരുന്ന 1991- 94 കാലത്താണ് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്ന ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എംഐ ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് ‘തിരുത്തല്‍വാദം’ എന്ന പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്. അധികാര ശ്രേണിയിലും പാര്‍ട്ടിക്കുള്ളിലും കെ മുരളീധരന്‍ സ്വാധീനമുറപ്പിക്കുന്നതില്‍ പരിഭവിച്ചാണ് ത്രിമൂര്‍ത്തി സംഘം പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്. അക്കാലത്തെ മലയാള മനോരമയുടെ രാഷ്ട്രീയ ലേഖകനായിരുന്ന വികെ സോമനാണ് കോണ്‍ഗ്രസിലെ മൂന്നാം ഗ്രൂപ്പിന് തിരുത്തല്‍വാദികളെന്ന് പേരിട്ടത്. ഈ ഗ്രൂപ്പിന്റെ ആവിര്‍ഭാവം കരുണാകരനെ രാഷ്ടീയമായും വ്യക്തിപരമായും ഏറെ ക്ഷീണിപ്പിച്ചിരുന്നു. കാറപകടത്തെ തുടര്‍ന്ന് കരുണാകരന്‍ ചികിത്സക്കായി അമേരിക്കയിലായിരുന്ന കാലത്താണ് ചെന്നിത്തലയും കൂട്ടരും ചേര്‍ന്ന് അദ്ദേഹത്തിനെതിരെ പട നയിച്ചത്. തിരുത്തല്‍ വാദം തുടങ്ങിയതിന്റെ പിറ്റേവര്‍ഷം തന്നെ രമേശും കാര്‍ത്തികേയനും തിരുത്തല്‍വാദം ഉപേക്ഷിച്ച് വീണ്ടും കരുണാകര പാളയത്തില്‍ ചേക്കേറിയെങ്കിലും മുരളി ഇവരെ രണ്ട് പേരെയും ശത്രുപക്ഷത്താണ് നിര്‍ത്തിയത്. ഇന്നും അതില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നാണ് മുരളിയുടെ ശക്തമായ വാക്കുകള്‍ വ്യക്തമാക്കുന്നത്.
‘കെ.കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത നേതാവാണ് വിഡി സതീശന്‍. തുടര്‍ന്നുള്ള സ്ഥാന കയറ്റത്തില്‍ അദ്ദേഹത്തിന് അതിന്റെ ഗുണം കിട്ടും’. കോണ്‍ഗ്രസില്‍ ഇടക്കാലത്ത് നടന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അടക്കം തന്റെ പിന്തുണ ആര്‍ക്കാണെന്നും അത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുരളീധരന്‍. നിയമവസഭയില്‍ പിന്‍ബെഞ്ചില്‍ ഇരുത്തിയതും ഓര്‍ത്തെടുത്ത് പറഞ്ഞ് പക ഒടുങ്ങാത്ത മനസ് ഇപ്പോഴും സൂക്ഷിക്കുകയാണ് എന്ന സന്ദേശമാണ് മുരളി ചെന്നിത്തലയ്ക്ക് നല്‍കിയിരിക്കുന്നത്.
എട്ട് വര്‍ഷം ഒരുമിച്ച് നിയമസഭയില്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ സതീശനേയും തന്നെയും നിയമസഭയില്‍ പിന്‍ ബെഞ്ചിലിരുത്തി. ഞങ്ങളെ പിന്‍ ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന്‍ ബെഞ്ചിലായി, അത് ചരിത്രത്തിന്റെ ഭാഗമാണ്. വിഡി സതീശനെ വാനോളം പുകഴ്ത്തുന്നതിനിടയില്‍ ചെന്നിത്തലക്കെതിരെ തൊടുത്തുവിട്ട യമണ്ടന്‍ ഡയലോഗുകള്‍ കോണ്‍ഗ്രസ് രാഷ്ടീയത്തില്‍ കത്തിപ്പടരുമെന്ന് ഉറപ്പാണ്.
കെ മുരളീധരന്റെ വാക്കുകള്‍ക്ക് നേരിട്ടോ പരോക്ഷമായോ മറുപടി പറയാന്‍ ചെന്നിത്തല തയ്യാറാകില്ലെന്ന് ഉറപ്പാണ്. കരുണാകരന്‍ മരിച്ചിട്ട് ഒന്നര പതിറ്റാണ്ടാ യെങ്കിലും സംഘടനയ്ക്കുള്ളില്‍ കരുണാകര ഭക്തി ഇപ്പോഴും സജീവമാണ്. ഇതറിയാവുന്ന ചെന്നിത്തല മുരളിക്കെതിരെ പരസ്യ വെല്ലുവിളി ഉയര്‍ത്തില്ല. കരുണാകരനെ ചതിച്ചവരെന്ന പേരുദോഷം തിരുത്തല്‍ വാദികളെ വിടാതെ പിന്തുടരുന്നുണ്ട്. ഷാനവാസും കാര്‍ത്തികേയനും ജീവിതത്തില്‍ നിന്നും രാഷ്ടീയത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും അവര്‍ക്കു മേലും ആ കറ മായാതെ തന്നെ കിടപ്പുണ്ട്.