
വിദ്യാർഥികൾ കയറും മുൻപ് മുന്നോട്ടെടുത്ത ബസ് റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്. വിദ്യാർഥികളെ കയറ്റിയ ശേഷം പോയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുന്ദമംഗലം കാരന്തൂർ മർക്കസ് സ്റ്റോപ്പിലാണ് സംഭവം നടന്നത്.ഹോം ഗാർഡിന്റെ നടപടിയെ കയ്യടിച്ചാണ് വിദ്യാർഥികൾ സ്വീകരിച്ചത്.
മുൻ സൈനികനായ നാഗരാജനാണ് ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്. നെഞ്ചിലൂടെ കയറ്റിയിട്ടു വേണം പോകാൻ എന്ന് ബസ് ഡ്രൈവറോട് ഹോം ഗാർഡ് പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പത്ത് കുഞ്ഞുങ്ങളെയെങ്കിലും ബസിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു എന്നാൽ അവർ അതിന് തയ്യാറാകാതെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടികളെ ബസിൽ കയറ്റാതിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് നാഗരാജൻ പറയുന്നു.