കോഴിക്കോട്: താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ചൊവ്വാഴ്ച രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്നത് വൈകുമെന്നാണ് വിവരം.
ചുരത്തിലൂടെ ആംബുലൻസുകൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്. ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.
നിലവിൽ മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാൻ സാധ്യതയുള്ള അടര്‍ന്നുനിൽക്കുന്ന പാറക്ഷണങ്ങളും മണ്ണും ഫയര്‍ഫോഴ്സ് വെള്ളം അടിച്ച് താഴേക്ക് എത്തിക്കുകയാണ്. ഇനിയും പാറക്ഷണങ്ങള്‍ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്യുന്നത്. 20 മണിക്കൂറിലധികമായി താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.