
കൊച്ചി: വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി(42) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ബ്ലേഡ് സംഘത്തിനെതിരെ ഇന്നലെ ആശ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കു പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിനു പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.