കോഴിക്കോട് പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ. കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ(40) കഴിഞ്ഞ ദിവസമാണ് വീടിന് സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബോബിയുടെ കൈയിൽ വൈദ്യുതാഘാതമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഷോക്കേറ്റാണ് മരണം എന്ന് സ്ഥിരീകരിക്കുകയായിരുന്നു
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ പോലീസ് സംഭവ ദിവസം തന്നെ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്ന കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം കിടന്നതിന് സമീപത്തുകൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നുമുണ്ട്. ബോബിയുടെ ദുരൂഹ മരണമാണെന്ന് ആരോപണം ഉയർന്നിരുന്നു. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് ബോബി മരിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
കസ്റ്റഡിയിലായ ആളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ വീട്ടിൽ നിന്ന് വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും പോലീസ് കണ്ടെടുത്തു. കടുവ പോലുളള വന്യമൃഗം പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായത് എങ്കിലും ബോബിയുടെ ശരീരത്തിലും പശുവിനെ ജഡത്തിലും കാര്യമായ പരുക്കുകൾ ഒന്നും ഇല്ലായിരുന്നു. ഇതാണ് സംശയമുയർത്തിയത്. ബോബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു.
മരണം നടന്നതിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണങ്ങൾ ഉണ്ടായി. സംഭവത്തിൽ അയൽവാസിയുടെ പങ്ക് സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി. പ്രദേശത്ത് പോലീസും വനം വകുപ്പും നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.