
കനത്ത മഴയില്‍ ദുരിതത്തിലായി മുംബൈ. തുടര്‍ച്ചയായ മൂന്നാംദിവസമാണ് മുംബൈയില്‍ മഴ തുടരുന്നത്. തിങ്കളാഴ്ച ആറ് മുതൽ എട്ടുമണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത് 177 മില്ലിമീറ്റര്‍ മഴയാണ്. വരുംമണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് വിവരം.
വിമാനസര്‍വീസുകളെയടക്കം കനത്ത മഴ ബാധിച്ചു. ഒരു വിമാനം ഗുജറാത്തിലെ സൂറത്തിലേക്ക് വഴിതിരിച്ചുവിട്ടു. ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊതുജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അന്ധേരി സബ്‌വേ, ലോഖണ്ഡ്‌വാല കോംപ്ലക്‌സ് എന്നീവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായത് ഗതാഗതത്തെയും ബാധിച്ചു. ലോക്കല്‍ ട്രെയിനുകള്‍ എട്ട് മുതല്‍ പത്ത് മിനിറ്റുവരെ വൈകിയാണ് സര്‍വീസ് നടത്തുന്നത്. സെന്‍ട്രല്‍ റെയില്‍വെ റൂട്ടിലെ ചില സബര്‍ബന്‍ സര്‍വീസുകള്‍ പാളത്തിൽ വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് മുടങ്ങി.
കനത്ത മഴ സംസ്ഥാനത്തുടനീളമുള്ള നാലുലക്ഷം ഹെക്ടര്‍ വരുന്ന കൃഷിയിടങ്ങളെ ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വാഹനങ്ങൾ മുങ്ങിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച മുന്‍കൂട്ടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മുംബൈയില്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. മുംബൈ, താനെ, റായ്ഗഢ് എന്നീവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി കനത്ത മഴയില്‍ 200-ലധികം ആളുകള്‍ കുടുങ്ങികിടക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു. പ്രളയത്തിലകപ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം ജില്ല ഭരണക്കൂടം തേടിയിട്ടുണ്ടെന്ന് നന്ദേഡ് കളക്ടര്‍ രാഹുല്‍ കര്‍ഡീല്‍ പ്രതികരിച്ചു. നന്ദേഡ് ജില്ലയിലെ മുക്കേഡ് പ്രദേശത്ത് 15 പേരുള്ള സൈന്യത്തിന്റെ ടീമിനെ വിന്യസിക്കുമെന്നാണ് രാഹുല്‍ കര്‍ഡീല്‍ പ്രതികരിച്ചത്.
ഞായറാഴ്ച രാവണ്‍ഗാവ്, ഹസ്‌നല്‍ ഗ്രാമത്തില്‍ കുടുങ്ങിക്കിടന്ന 21 ആളുകളെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എസ്ഡിആര്‍എഫ്) രക്ഷപ്പെടുത്തിയിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും 200 പേര്‍ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഡാമുകളില്‍നിന്ന് ജലം തുറന്നുവിടുന്നതിനാല്‍ ഗോദാവരി നദിക്കരയിലുള്ളവരോട് ജാഗ്രത പാലിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്