സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്.. ഹാപ്പി അവേഴ്സ് ഓഫർ ലഭിക്കാൻ ചെയ്യേണ്ടത്




ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ , മൈദ, ഡിറ്റർജന്റുകൾ , ടൂത്ത് പേസ്റ്റ് സാനിറ്ററി നാപ്കിൻ, തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.

ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ നൽകുന്നത്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റെസിഡന്റ്‌സ് അസോസിയേഷനുകളും, ക്ലബ്ബുകളും ഈ പദ്ധതീയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട്.
Previous Post Next Post