
ഡോ. ഹാരിസിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലില്‍ വഴിത്തിരിവ്. ബോക്സിലുണ്ടായിരുന്നത് കാണാതായ ഉപകരണത്തിന്‍റെ ബിൽ അല്ലെന്നും നെഫ്രോസ്കോപ്പ് എന്ന ഉപകരണം പരിശോധിച്ചതിന്‍റെ ഡെലിവറി ചെലാൻ ആയിരുന്നുവെന്നും കൊച്ചിയിലെ സ്ഥാപന ഉടമ വ്യക്തമാക്കി. കാണാതായ ഉപകരണത്തിന് പകരം പുതിയത് വാങ്ങിയതിന്‍റെ ബിൽ അല്ലെന്നും കമ്പനി വ്യക്തമാക്കി
ഡോ. ഹാരിസിനെതിരെ അധികൃതര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഇതോടെ പൊളിയുന്നത്. ഡോ. ഹാരിസിന്‍റെ മുറിയിൽ നിന്നും കണ്ടെടുത്തത് നെഫ്രോസ്കോപ്പ് എന്ന ഉപകരണം നന്നാക്കുന്നതിനായി പരിശോധിച്ചതിന്‍റെ ഡെലിവറി ചെലാൻ ആണെന്ന് മെഡിക്കൽ ഉപകരണങ്ങൾ നന്നാക്കുന്ന സ്ഥാപനമായ ക്യാപ്സ്യൂള്‍ ഗ്ലോബൽ സൊലൂഷൻസ് ഉടമ ഡോ സുനിൽകുമാര്‍ പറഞ്ഞു.
ഡെലിവറി ചെലാനിൽ നെഫ്രോസ്കോപ്പ് എന്ന് എഴുതുന്നതിന് പകരം മോസിലോസ്കോപ്പ് എന്ന് എഴുതുകയായിരുന്നുവെന്നും സര്‍വീസ് എഞ്ചിനീയറായ മിഥുന് പറ്റിയ പിഴവാണിതെന്നും സ്ഥാപന ഉടമ സുനിൽ കുമാര്‍ പറഞ്ഞു. നെഫ്രോസ്കോപ്പ് നന്നാക്കാൻ സാധിക്കുന്നവയല്ല. അതിനാൽ തന്നെ തിരുവനന്തപുരത്ത് നിന്ന് ഉപകരണം കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടില്ല. എഞ്ചിനീയര്‍ മിഥുൻ തിരുവനന്തപുരത്ത് തന്നെ നെഫ്രോസ്കോപ്പ് പരിശോധിച്ചു. നന്നാക്കാൻ സാധിക്കില്ലെന്ന് അപ്പോള്‍ തന്നെ അറിയിച്ചു. പരിശോധന നടത്തിയതിന്‍റെ ഡെലിവറി ചെലാൻ ആണ് മിഥുൻ നൽകിയത്.
എന്നാൽ, ചെലാനിൽ നെഫ്രോസ്കോപ്പ് എന്നതിന് പകരം മോസിലോസ്കോപ്പ് എന്നെഴുതിയത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ്. പിന്നീട് ഈ ഉപകരണം കൊച്ചിയിൽ കൊണ്ട് പോകേണ്ടി വന്നിട്ടില്ല.ഡോക്ടർമാർ അടക്കം നടത്തുന്ന മെഡിക്കൽ ഉപകരണത്തിന്‍റെ വിൽപ്പനയും സര്‍വീസും നടത്തുന്ന സ്ഥാപനമാണ് ക്യാപ്സ്യൂള്‍ ഗ്ലോബൽ സൊലൂഷൻസ്.
ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ നേരത്തെ വിശദീകരിച്ചത്. പരിശോധനയ്ക്കിടെ ഹാരിസിന്‍റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിന്‍റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ, പുതിയ ബോക്സാണ് ഇത്. ആഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലാണ് അതിൽ ഉള്ളതെന്നും ഡോ. പികെ ജബ്ബാര്‍ പറഞ്ഞിരുന്നു. എന്നാൽ, ഈ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഉപകരണം പരിശോധിച്ച സ്ഥാപനത്തിന്‍റെ ഉടമ വിശദീകരണവുമായി രംഗത്തെത്തിയത്. കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്ന് ഡോ. ഹാരിസും മറുപടി നൽകിയിരുന്നു.