ഗഗൻയാനിൻ്റെ സുപ്രധാന പരീക്ഷണം പൂർത്തിയാക്കി ഐഎസ്ആർഒ…





ന്യൂഡൽഹി : ഗഗൻയാനിൻ്റെ സുപ്രധാന പരീക്ഷണം പൂർത്തിയാക്കി ഐഎസ്ആർഒ. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് യാത്രാ പേടകത്തിലെ പാരച്യൂട്ട് സംവിധാനത്തിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കാനുള്ള ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് പൂർത്തിയായത്.

ഗഗൻയാൻ ആളില്ലാ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പ് പൂർത്തിയാക്കേണ്ട പ്രധാന പരീക്ഷണങ്ങളിലൊന്നാണ് ഇന്നലെ ഐഎസ്ആർഒയും ഇന്ത്യൻ വ്യോമസേനയും നാവികസേനയും കോസ്റ്റ്ഗാ‍ർ‍ഡും ചേർന്ന് പൂർത്തിയാക്കിയത്. ബഹിരാകാശ ദൗത്യം കഴിഞ്ഞ ശേഷം ഭൂമിയിലേക്ക് മടങ്ങിവരുന്ന പേടകം കടലിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പുള്ള പ്രക്രിയയുടെ മോക്ക് ഡ്രില്ലാണ് നടന്നതെന്ന് പറയാം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഗഗൻയാൻ ക്രൂ മൊഡ്യൂളിന്റെ ഡമ്മി പതിപ്പുമായി ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ പറന്നുയർന്നത്. ബംഗാൾ ഉൾക്കടലിൽ മുൻകൂട്ടി തീരുമാനിച്ച സ്ഥാനത്തെത്തിയ ശേഷം, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ഉയരത്തിൽ വച്ച് പരീക്ഷണ മോഡലിനെ ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ടു.

വീഴ്ചയ്ക്കിടെ പേടകത്തിൻ്റെ മുകളിലെ സംരക്ഷണ കവചം തെറിച്ച് മാറി. പിന്നാലെ വേഗം കുറയ്ക്കാനുള്ള ആദ്യഘട്ട ഡ്രോഗ് പാരച്യൂട്ടുകൾ വിടർന്നു. അതിന് ശേഷം മെയിൻ പാരച്യൂട്ടുകളും വിടര്‍ന്നു. പേടകം സുരക്ഷിതമായി കടലിൽ ഇറങ്ങി. തൊട്ടുപിന്നാലെ നാവിക സേനയുടെ പ്രത്യേക സംഘം പേടകത്തെ കടലിൽ നിന്ന് വീണ്ടെടുക്കയും പ്രത്യേക കപ്പലിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയോടെ പേടകത്തെ ചെന്നൈ തുറമുഖത്തെത്തിച്ച് ഐഎസ്ആർഒയ്ക്ക് കൈമാറി
Previous Post Next Post