ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


        

പാലക്കാട് ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ ഡ്രൈവർ സന്തോഷ് ബാബുവിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. ഇതിന് പുറമെ, ഒരാഴ്ചത്തെ ഡ്രൈവർ പരിശീലനത്തിനും നിർദേശം നൽകിയിട്ടുണ്ട്. എടപ്പാളിലെ ഐഡിടിആറിലേക്ക് അയക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.


ആ​ഗസ്റ്റ്16നായിരുന്നു കൊല്ലങ്കോട്- കോയമ്പത്തൂർ റൂട്ടിൽ സന്തോഷ് ബാബു ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരാണ് സന്തോഷ് ബാബുവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് നിർത്തിയില്ലെന്നായിരുന്നു ആരോപണം. ബസ് വേഗത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് ഡ്രൈവർ ഫോണിൽ സംസാരിച്ചത്.

Previous Post Next Post