തൃശൂരിലെ വോട്ട് കൊള്ള വിവാദത്തിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപിക്കുമെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. വോട്ടർ പട്ടിക ക്രമക്കേടിൽ ബിജെപിയുടെ ജനാധിപത്യ വിരുദ്ധ മുഖം തൃശൂർ ജനതയുടെ മുന്നിൽ പ്രകടമായെന്നും. സുരേഷ് ഗോപി മൗനം തുടരുന്നത് പ്രതിഷേധാർഹമാണെന്നും എൽഡിഎഫ് ജില്ലാ കമ്മറ്റി യോഗം വിലയിരുത്തി.
സിപിഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ജനാധിപത്യ സംരക്ഷണ സദസ്സ് എന്ന പരിപാടി പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന സുരേഷ് ഗോപിയുടെ ഓഫീസിലേക്കുള്ള മാർച്ച് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ജൻ അധികാർ മാർച്ച് എന്ന പേരിൽ തിങ്കളാഴ്ചയും പ്രതിഷേധ പരിപാടി നടക്കും.