പിടികൂടിയ രണ്ട് ലിറ്റര്‍ ചാരായ കേസിന് പിറകെ പോയ എക്‌സൈസ് സംഘം കണ്ടെത്തിയത് വനത്തിനുള്ളിലെ വന്‍ വ്യാജ വാറ്റ് കേന്ദ്രം

        

കഴിഞ്ഞ മാസം 16 ന് പിടികൂടിയ രണ്ട് ലിറ്റര്‍ ചാരായ കേസിന് പിറകെ പോയ വണ്ടൂര്‍ എക്‌സൈസ് സംഘം കണ്ടെത്തിയത് വനത്തിനുള്ളിലെ വന്‍ വ്യാജ വാറ്റ് കേന്ദ്രം. പാറക്കെട്ടുകള്‍ക്കിടയിലുള്ള കേന്ദ്രത്തില്‍ ഒന്‍പത് ബാരലുകളില്‍ ഓണ വിപണി ലക്ഷ്യം വെച്ച് തയാറാക്കി വെച്ചത് 2000 ലിറ്ററോളം വാഷ്. ഉടമകള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജിതമാക്കി. ഒന്‍പത് ബാരലുകളിലായി സൂക്ഷിച്ച വാഷും 10 പാചകവാതക സിലിണ്ടറുകളും വലിയ ബര്‍ണര്‍ ഘടിപ്പിച്ച സ്റ്റൗവും രണ്ട് വാറ്റ് പാത്രങ്ങളും മറ്റു ഉപകരണങ്ങളും കണ്ടെടുത്തു. ഒരേ സമയം 200 ലിറ്റര്‍ ചാരായം വാറ്റാന്‍ കഴിയുന്ന പാത്രങ്ങളാണിവ. 


ജില്ലയില്‍ സമീപകാലത്തെ ഏറ്റവും വലിയ വ്യാജവാറ്റ് കേന്ദ്രമാണ് കണ്ടെത്തി നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 16 ന് രാത്രി പുള്ളിപ്പാടം പാലക്കോട് വെച്ച് സ്‌കൂട്ടറില്‍ ചാരായം വില്‍പന നടത്തിയ കേസില്‍ നാട്ടുകാരനായ മാത്യു ജോസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് സമീപത്തുള്ള അമ്മിക്കുട്ടി വനമേഖലയില്‍ വന്‍തോതില്‍ വ്യാജചാരായം വാറ്റുന്നതായി വിവരം ലഭിച്ചത്. കാട്ടാനകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ഏറെയുള്ള എടക്കോട് വനമേഖലയില്‍ എസൈസ് സംഘത്തിലെ ആറു പേര്‍ ചേര്‍ന്ന് വനപാലകരുടെ സഹായത്തോടെ രണ്ടുദിവസം രാപ്പകല്‍ തുടര്‍ച്ചയായ തിരച്ചിലിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എക്‌സൈസ്.

Previous Post Next Post