നിമിഷ പ്രിയയുടെ മോചനത്തിൽ തങ്ങൾക്ക് ക്രെഡിറ്റ് വേണ്ടെന്നും, മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകളെയാണ് ഉപയോഗപ്പെടുത്തിയതെന്നുമാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടിരുന്നത്. ഇതിനോട് പ്രതികരണമെന്ന നിലയിലായിരുന്നു അബ്ദുൽ ഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തു വന്നത്. മധ്യസ്ഥ ചർച്ചകളെയും ശ്രമങ്ങളെയും തള്ളുന്ന നിലപാട് മഹ്ദി ആവർത്തിച്ചു.
'ഇസ്ലാം സത്യത്തിന്റെ മതമാണ്. കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ല. നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും' തലാലിന്‍റെ സഹോദരൻ വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അബ്ദുൽ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിച്ച് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മഹ്ദി ഇന്നലെയും രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി നിശ്ചയിക്കണം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി, പ്രോസിക്യൂട്ടർക്ക് കത്തും നല്‍കിയിരുന്നു.