
ഭാര്യ മറ്റൊരാളോടൊപ്പം പോയതിലുള്ള മനോവിഷമത്തിൽ യുവാവ് പോലീസ് സ്റ്റേഷൻ്റെ വരാന്തയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പോലീസും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാൽ യുവാവിനെ രക്ഷിക്കാനായി. പെരുമ്പിലാവ് സ്വദേശിയായ മുത്തുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ ഭാര്യ ഒരു മാസം മുൻപ് മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. മുത്തു ലഹരിക്കടിമയാണെന്നും ഇയാളുടെ നിരന്തരമായ ഉപദ്രവം സഹിക്കാനാവാതെയാണ് മറ്റൊരാളുടെ കൂടെ പോയതെന്നും ഭാര്യ പോലീസിനോട് പറഞ്ഞു.
ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുത്തു നൽകിയ പരാതിയെ തുടർന്ന് പോലീസ് പാലാരിവട്ടത്ത് നിന്ന് ഇവരെ കണ്ടെത്തുകയും കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. വൈകീട്ട് സ്റ്റേഷനിലെത്തിയ മുത്തു ഭാര്യയെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മുത്തുവിനോടൊപ്പം പോകാൻ ഭാര്യ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ മുത്തു തൻ്റെ ഉടുമുണ്ട് ഉപയോഗിച്ച് സ്റ്റേഷൻ്റെ വരാന്തയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ പോലീസും പൊതുപ്രവർത്തകരും ചേർന്ന് കെട്ടഴിച്ച് യുവാവിനെ ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന മുത്തുവിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാഴ്ച മുൻപും മുത്തു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്നും കുന്നംകുളം പോലീസാണ് ഇയാളെ രക്ഷിച്ചത്.